പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നടപടി; തന്റെ പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച അച്ഛന് മുന്നറിയിപ്പുമായി വിജയ്, ആരാധകരോട് പാര്‍ട്ടിയില്‍ ചേരരുതെന്ന് നടന്‍

ചെന്നൈ:തന്റെ പേരില്‍ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ വിജയ്. തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി.

നിര്‍മാതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടി രജിസ്റ്റര്‍ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

വിജയ്യുടെ ആരാധകസംഘടനയുടെ പേരാണ് വിജയ് മക്കള്‍ ഇയക്കം. നടന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ ജനറല്‍ സെക്രട്ടറിയായ പാര്‍ട്ടിയുടെ ഖജാന്‍ജി അമ്മ ശോഭയാണ്. ഇവരുമായി അടുപ്പമുള്ള പത്മനാഭനാണ് പ്രസിഡന്റ്. പാര്‍ട്ടി ആരംഭിച്ചത് വിജയ് അറിയാതെയാണെന്നും ഇത് തന്റെ സ്വന്തംതീരുമാനമാണെന്നും ചന്ദ്രശേഖര്‍ വിശദീകരിച്ചു.

27 വര്‍ഷം മുമ്പ് താന്‍ ആരാധകസംഘടന ആരംഭിച്ചത് വിജയ്യുടെ സമ്മതം വാങ്ങിയല്ലായിരുന്നുവെന്നും അതിന്റെ വളര്‍ച്ചയും സ്വഭാവിക പരിണാമവുമാണിതെന്നും അദ്ദേഹം പറഞ്ഞു. സംഭവം സമൂഹമാധ്യമത്തിലടക്കം വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് അച്ഛനെതിരെ വിജയ് രംഗത്തെത്തിയത്.

അച്ഛന്റെ നീക്കത്തിനെതിരേ വിജയ് പ്രസ്താവന ഇറക്കി. അച്ഛന്‍ രാഷ്ട്രീയപ്പാര്‍ട്ടി ആരംഭിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും എന്നാല്‍, ഇതുമായി തനിക്ക് യാതൊരുബന്ധവുമില്ലെന്നും നടന്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ അദ്ദേഹമെടുക്കുന്ന ഒരു നടപടിക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും വിജയ് പറഞ്ഞു.

അച്ഛന്‍ പാര്‍ട്ടി ആരംഭിച്ചുവെന്നതിന്റെ പേരില്‍ ആരാധകര്‍ അതില്‍ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നും തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version