കൊല്‍ക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 294-ല്‍ 200ലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ അമിത് ഷാ പാര്‍ട്ടി ഭാരവാഹികള്‍ക്ക് മുമ്പിലാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്.
‘2019ല്‍ ബംഗാളില്‍ ഞങ്ങള്‍ക്ക് 22 സീറ്റുകള്‍ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എതിരാളികള്‍ എന്നെ പരിഹസിച്ചു. എന്റെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ പോലും എന്നെ പരിഹസിച്ചു. എന്നാല്‍ ഞങ്ങള്‍ക്ക് 18 സീറ്റുകള്‍ ലഭിച്ചു. അഞ്ചോളം സീറ്റുകള്‍ 2000 മുതല്‍ 3000 വോട്ടുകള്‍ക്കാണ് നഷ്ടമായത്’ അമിത് ഷാ പറഞ്ഞു. എന്നാല്‍ ഇന്ന് ഞാന്‍ പറയുന്നു ബിജെപി ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടി അധികാരത്തില്‍ വരും. പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ, നമ്മുടെ പദ്ധതികള്‍ പ്രകാരം പ്രവര്‍ത്തിച്ചാല്‍ ബിജെപിക്ക് 200ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിക്കം എന്നാണ് അമിത് ഷാ പറഞ്ഞത്.
അതേസമയം അമിത് ഷായുടെ ഈ അവകാശവാദത്തെ തള്ളി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ‘അവര്‍ക്കൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ല.കേഡര്‍മാരില്ല. ജനപിന്തുണയുമില്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണുന്നത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാവം മങ്ങികൊണ്ടിരിക്കുകയാണ്. ബംഗാളില്‍ അവര്‍ക്ക് ഒരു പ്രതീക്ഷയുമില്ല. ഇത് അമിത് ഷായുടെ ഒരു പൊള്ളയായ സ്വപ്നം മാത്രമാണ്’ എന്നാണ് തൃണമൂല്‍ എംപി സൗഗതാ റോയ് പ്രതികരിച്ചത്. 294 അംഗ ബംഗാള്‍ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 16 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന് 221 എംഎല്‍എമാരുണ്ട്.
Discussion about this post