ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ ശരിയായ രീതിയിൽ ചെറുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സാധിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. മഹാമാരിയെ വേണ്ടവിധം കൈകാര്യം ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു ബിഹാർ തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടെ പറഞ്ഞു.
അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുന്നതിനിടെയാണ് ബിഹാറിലെ ദർഭംഗയിൽ നഡ്ഡയുടെ പ്രതികരണം. കൊവിഡിനെ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ ട്രംപിന് സാധിച്ചില്ല. എന്നാൽ ശരിയായ തീരുമാനങ്ങളെടുത്തുകൊണ്ട് മോഡി ജി രാജ്യത്തെ 130 കോടി ജനങ്ങളെ രക്ഷിച്ചെന്നും നഡ്ഡ പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിക്കാനുള്ള ശ്രമത്തിൽ രാജ്യത്തിന്റെ ദേശീയ താത്പര്യത്തെ എതിർക്കുകയാണെന്നു തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ബിഹാറിൽ ആർജെഡിയും കോൺഗ്രസും സിപിഐ (എംഎൽ) പാർട്ടിയുമായി കൈകോർത്തതിനെ വിമർശിച്ച നഡ്ഡ കേവലം ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ മാത്രമുള്ളതല്ല ഇതെന്നും ബിഹാറിന്റെ ഭാവിക്കായുള്ള തെരഞ്ഞെടുപ്പാണിതെന്നും വ്യക്തമാക്കി. നവംബർ ഏഴിനാണ് ബിഹാറിൽ 78 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post