യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; രണ്ട് വർഷത്തേക്ക് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് യുവാവിനോട് കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സോഷ്യൽമീഡിയയിൽ അവഹേളിച്ച സംഭവത്തിലെ പ്രതിയായ യുവാവിനോട് രണ്ട് വർഷത്തേക്ക് സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കാൻ ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി. കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉപാധികളിലാണ് സാമൂഹികമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടി അനുശാസിച്ചിരിക്കുന്നത്.

രണ്ട് വർഷത്തേക്കോ കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെയോ പ്രതി സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നായിരുന്നു പ്രധാന ഉപാധി. സാക്ഷികളെ ഭീഷണിപ്പെടുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ അഖിലാനന്ദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 12ാം തീയതി മുതൽ ജയിലിൽ കഴിയുന്ന അഖിലിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, കേസിൽ അഖിലാനന്ദിനെ കുടുക്കിയതാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. തുടർന്നാണ് ജസ്റ്റിസ് സിദ്ധാർഥ് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലുമാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.

Exit mobile version