ന്യൂഡൽഹി: കേന്ദ്രസർക്കാർ പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ കോവാക്സിൻ 2021 ഫെബ്രുവരിയോടെ വിതരണത്തിന് തയ്യാറായേക്കും. നേരത്തെ അടുത്തവർഷം രണ്ടാംപാദത്തോടെ മാത്രമെ വാക്സിൻ ലഭ്യമാകുകയുള്ളൂ എന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, വാക്സിൻ വളരെയധികം മികച്ചഫലമാണ് കാണിക്കുന്നതെന്ന് മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞനും കോവിഡ് ടാസ്ക് ഫോഴ്സ് അംഗവുമായ രജ്നി കാന്ത് പറഞ്ഞു. അടുത്തവർഷത്തിന്റെ ആരംഭത്തിൽ തന്നെ, ഫെബ്രുവരിയിലോ, മാർച്ചിലോ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പുതന്നെ വാക്സിൻ ലഭ്യമാക്കണോ എന്നകാര്യം തീരുമാനിക്കേണ്ടത് ആരോഗ്യമന്ത്രാലയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ച കോവാക്സിൻ മികച്ച ഫലമാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടർന്നാണ് ഫെബ്രുവരിയിൽ തന്നെ വാക്സിൻ പുറത്തിറക്കാൻ ആലോചിക്കുന്നത്. വാക്സിന്റെ അവസാനഘട്ട പരീക്ഷണം ഈ മാസം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയുളള പഠനങ്ങൾ പ്രകാരം വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റിപ്പോർട്ടെന്നും മുതിർന്ന ശാസ്ത്രജ്ഞൻ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Discussion about this post