ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാം ഘട്ട കൊവിഡ് വ്യാപനം ആരംഭിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും കെജരിവാള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി നടത്തിയ ഗ്രാമസന്ദര്ശനത്തിനിടയിലാണ് കെജരിവാളിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ വീണ്ടും കൊറോണ കേസ് ഉയരുന്നുണ്ട്. ഇത് മൂന്നാം ഘട്ടമാണെന്നാണ് കരുതുന്നത്. ഇതിനെ നേരിടുന്നതിനുള്ള എല്ലാ തരത്തിലുള്ള മുന്‍കരുതലും കൈക്കൊള്ളുമെന്നും കെജരിവാള്‍ പറഞ്ഞു. ആശുപത്രികള്‍ കിടക്കകള്‍ സജ്ജമാണെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ വായമലിനീകരണ പ്രശ്നം പരിഹരിക്കാന്‍ ജൈവരീതികള്‍ പരീക്ഷിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഇന്നലെ 6725 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വീണ്ടും ഉയരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡല്‍ഹിയില്‍ ഇതുവരെ 6600 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post