ന്യൂഡൽഹി: പ്രണയത്തിന് എതിരു നിന്ന കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തി സോഷ്യൽമീഡിയയിൽ താരമായ ബൈക്ക് സ്റ്റണ്ടർ. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്‌സുള്ള നിസാമുൾ ഖാൻ എന്ന ബൈക്ക് സ്റ്റണ്ടറെയാണ് കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ ഒമ്പത് ലക്ഷത്തിലേറെയും ഇൻസ്റ്റഗ്രാമിൽ അറുപതിനായിരത്തിലധികവും ഫോളേവേഴ്‌സുള്ള നിസാമുൾ ഖാൻ തന്റെ കാമുകിയുടെ സഹോദരനായ കമൽ ശർമ്മ(26)യെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.
കൃത്യം നടത്താൻ നിസാമുൾ ഖാനെ സഹായിച്ച മറ്റു രണ്ടു യുവാക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിസാമുൾ ഖാനും സഹോദരിയുമായുള്ള അടുപ്പത്തിന് എതിരായിരുന്നു കമൽ ശർമ്മ. ഇതിനെ ചൊല്ലി കമൽ ശർമ്മ നിസാമുൾ ഖാനെ മർദിക്കുകയും സഹോദരിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, പ്രകോപിതനായ നിസാമുൾ ഖാൻ ഒക്ടോബർ 28 ന് നോയിഡയിലെ ഇസ്‌കോൺ ക്ഷേത്രത്തിന് സമീപത്തുള്ള റോഡിൽ വെച്ച് കമൽ ശർമ്മയെ പിന്നിൽ നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. നിസാമുൾ ഖാനും ഒപ്പമുണ്ടായിരുന്നവരും ബൈക്കിൽ ഉടൻ തന്നെ സ്ഥലം വിട്ടു. അന്ന് രാത്രി തന്നെ കമൽ ശർമ്മ മരിച്ചു.
മരണശേഷം, കമൽ ശർമ്മയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും നിസാമുൾ ഖാനേയും സഹായികളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യൂട്യൂബ് വീഡിയോകളിൽ നിന്ന് വരുമാനമുണ്ടാക്കിയിരുന്ന നിസാമുൾ ഖാൻ, സുമിത്, അമിത് എന്നിവർക്ക് പണം നൽകിയാണ് കൊലപാതകത്തിന് സഹായം തേടിയതെന്ന് പോലീസ് പറഞ്ഞു. കമൽ ശർമ്മയുടെ സഹോദരിയും നിസാമുൾ ഖാന്റെ കാമുകിയുമായ പെൺകുട്ടിയ്ക്ക് കൊലപാതകത്തിൽ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.