ഭോപ്പാൽ: മധ്യപ്രദേശിൽ വജ്രങ്ങൾ ഖനനം ചെയ്ത് കണ്ടെടുത്ത ഖനി തൊഴിലാളികൾക്ക് ലേലത്തിലൂടെ ലഭിക്കാൻ പോകുന്നത് ലക്ഷങ്ങൾ. പന്ന ജില്ലയിൽ നിന്ന് 7.44, 14.98 കാരറ്റുളള രണ്ടു വജ്രക്കല്ലുകൾ കണ്ടെത്തിയ ദിലീപ് മിസ്ത്രി, ലഖൻ യാദവ് എന്നിവരാണ് വിലയേറിയ ഈ വജ്രങ്ങൾ ഖനനം ചെയ്തെടുത്തത്. താമസിയാതെ ലേലം ചെയ്യുന്നതോടെ ഈ തൊഴിലാളികൾ ലക്ഷാധിപതികളാകും.
അധികൃതർ വജ്രത്തിന്റെ മൂല്യം നിർണയിച്ചു കഴിഞ്ഞാലാണ് ഇവർക്ക് ലഭിക്കുന്ന തുകയെ സംബന്ധിച്ച് വ്യക്തമാവുകയുള്ളൂ. 7.44 കാരറ്റുളള വജ്രത്തിന് ഏകദേശം മുപ്പതുലക്ഷത്തിനടുത്ത് രൂപ വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്. 14.98 കാരറ്റുളള വജ്രത്തിന് അതിന്റെ ഇരട്ടിയോളം വിലയും വരും. വജ്രക്കല്ലുകൾക്ക് 12.5 ശതമാനം റോയൽറ്റി കുറച്ച ശേഷമുള്ള തുകയാണ് ഇവ കണ്ടെത്തിയ ദിലീപിനും ലഖൻ യാദവിനും ലഭിക്കുക. ഈ തുകയും ലക്ഷങ്ങൾ മതിക്കും.
കഴിഞ്ഞ ആറുമാസമായി നാലുസുഹൃത്തുക്കൾക്കൊപ്പം വജ്രഖനനം നടത്തുകയായിരുന്നു ദിലീപ് മിസ്ത്രി. ജരുവപുറിലെ ഖനിയിൽ നിന്നാണ് 7.44 കാരറ്റ് വരുന്ന വജ്രം ദിലീപ് മിസ്ത്രി ഖനനം ചെയ്തെടുത്തത്.
അതേസമയം, കർഷകനായ ലഖൻ യാദവ് ആദ്യമായാണ് വജ്ര ഖനനം നടത്തുന്നത്. 14.98 കാരറ്റ് വരുന്ന വജ്രം കല്യാൺപുർ പ്രദേശത്ത് നിന്നാണ് ഇയാൾക്ക് ലഭിച്ചത്. ആദ്യ ഖനനത്തിൽ തന്നെ മികച്ച നേട്ടമുണ്ടാക്കാനായതിന്റെ സന്തോഷത്തിലാണ് ലഖൻ.
Discussion about this post