ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനയ്ക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത് അനുവദിക്കില്ല. അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്- ചൗഹാന് പറയുന്നു. നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാര്‍ ഖട്ടറും ലൗ ജിഹാദിനെ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കിയത്. തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് ശിവരാജ് സിംഗിന്റെ പ്രതികരണം.
Discussion about this post