ന്യൂഡൽഹി: ഭരണകക്ഷിയായ എൻഡിഎയ്ക്ക് രാജ്യസഭയിലും മേൽക്കൈ. എൻഡിഎ അംഗങ്ങളുടെ എണ്ണം നൂറ് കടന്നതോടെയാണ് രാജ്യസഭയിലും കരുത്തേറിയത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെ ഒമ്പതു ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ എൻഡിഎ രാജ്യസഭാംഗങ്ങളുടെ എണ്ണം നൂറ് കടക്കുകയായിരുന്നു. ഇതോടെ രാജ്യസഭയിലും ഇനി ഭരണകക്ഷിക്ക് ബില്ലുകൾ പ്രയാസമില്ലാതെ പാസാക്കിയെടുക്കാൻ കഴിയും.
അതേസമയം, ഇത്രനാളും രാജ്യസഭയിൽ മേധാവിത്വം പുലർത്തിയ കോൺഗ്രസ് ആകട്ടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് അംഗങ്ങളിലേക്ക് ചുരുങ്ങി. 242 അംഗ സഭയിൽ 38 സീറ്റ് മാത്രമാണ് കോൺഗ്രസിനുള്ളത്. ഇക്കുറി രണ്ടു സീറ്റുകളിൽ ബിജെപിയോടും പരാജയപ്പെട്ടു.
തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ പത്തും ഉത്തരാഖണ്ഡിലെ ഒന്നും ഉൾപ്പെടെ 11 സീറ്റുകളിൽ ഒമ്പതെണ്ണവും ബിജെപി പിടിച്ചടക്കി. ഇതോടെ രാജ്യസഭയിൽ ബിജെപി അംഗസംഖ്യ 92 ആയി. എൻഡിഎ സഖ്യകക്ഷി ജെഡിയുവിന് അഞ്ച് സീറ്റും ആർപിഐഅഠാവ്ലെ, അസം ഗണ പരിഷദ്, മിസോ നാഷണൽ ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട്, പട്ടാളി മക്കൾ കക്ഷി, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ കക്ഷികൾക്ക് ഓരോ സീറ്റ് വീതവുമാണുള്ളത്. ഇതോടെ എൻഡിഎയ്ക്ക് ആകെ 104 അംഗങ്ങളായി.
നാമനിർദേശം ചെയ്ത നാല് അംഗങ്ങളുടെ പിന്തുണയും എൻഡിഎയ്ക്ക് ലഭിക്കും. നിർണായക ബില്ലുകളിൽ എഐഎഡിഎംകെ (9 അംഗങ്ങൾ) ബിജെഡി (9), ടിആർഎസ് (7), വൈഎസ്ആർപി (6) എന്നീ പാർട്ടികളുടെ പിന്തുണയും എൻഡിഎ തേടാറുണ്ട്. വിഷയാധിഷ്ഠിതമായ പിന്തുണയാണ് ഈ പാർട്ടികൾ എൻഡിഎയ്ക്കു നൽകുന്നത്.
Discussion about this post