റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ആറാം സ്ഥാനം നിലനിര്‍ത്തിയ അംബാനിയാണ് ഇത്തവണ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടത്. ഇലോണ്‍ മസ്‌കാണ് ഫോബ്സിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റിന്റെ സ്ഥാനം ആറാമതാണ്. ആസ്തി 76.2 ബില്യണ്‍ ഡോളറും.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനുപിന്നാലെ റിലയന്‍സിന്റെ ഓഹരി വിലയില്‍ ഒമ്പതുശതമാനത്തോളം ഇടിവുണ്ടായതാണ് അംബാനി 9-ാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയില്‍ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. ഫോബ്സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 71.5 ബില്യണ്‍ ഡോളറായി.
ബിഎസ്ഇയിലാകട്ടെ ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി. കമ്പനിയുടെ വിപണിമൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ കുറവാണ് സംഭവിച്ചത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം.
ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപമായെത്തിയതിനെ തുടര്‍ന്ന് ഓഹരി വില 2369 രൂപവരെ ഉയര്‍ന്നിരുന്നു. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയില്‍നിന്നായിരുന്നു ഈ കുതിപ്പ്.
Discussion about this post