ചെന്നൈ; ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥന് ജീവനൊടുക്കി. കോയമ്പത്തൂരിലാണ് സംഭവം. സീരനായ്ക്കന്‍പാളയം സ്വദേശി മദന്‍കുമാര്‍ ആണ് തൂങ്ങി മരിച്ചത്. 28 വയസായിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 4 പേരാണ് ഇത്തരത്തില്‍ ഇതിനോടകം മരിച്ചത്. പത്താം ക്ലാസ് വരെ പഠിച്ച മദന്‍കുമാര്‍ ഒരു സ്വകാര്യ ബാങ്കില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.
അവിവാഹിതനായ മദന്‍കുമാര്‍ മദ്യത്തിനും അടിമയായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസം മുന്‍പ് മദന്‍കുമാര്‍ സമിച്ചെട്ടിപാളയത്തില് വാടക വീട്ടിലേക്ക് മാറിയിരുന്നു. നിര്‍മാണത്തൊഴിലാളിയായ അച്ഛന് എസ്. രവിയും അമ്മ മനോമണിയുമാണ് ഒപ്പമുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നു ജോലിക്കു പോയ മദന്‍കുമാര്‍ വൈകുന്നേരമായിട്ടും മടങ്ങി എത്തിയില്ല. വെള്ളിയാഴ്ചയും തിരിച്ചെത്തിയില്ല.
ഇതേത്തുര്‍ന്ന് മനോമണിയും മരുമകന് വേലുസാമിയും സീരനായ്ക്കന്പാളയത്തില് മദന്‍കുമാറിനെ അന്വേഷിച്ചെത്തി. വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വേലുസാമി വാതില്‍ തകര്‍ത്തു അകത്തു കടന്നപ്പോഴാണ് മദന്‍കുമാര്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും കീടനാശിനി കുപ്പിയും കണ്ടെടുത്തു.
മദന്‍കുമാര്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്നു സുഹൃത്ത് പറഞ്ഞതായി പോലീസ് അറിയിച്ചു. ചില ആളുകളില്‍നിന്ന് കടം വാങ്ങിയിരുന്നതായും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇതിലെല്ലാം മനംനൊന്ത് മദന്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു.
Discussion about this post