ബംഗളൂരു: 20,000 രൂപയുടെ ബൈക്കിന് പിഴ 40000ത്തിന് മുകളില്‍ വന്നതോടെ ബൈക്ക് പോലീസിന് വിട്ടുനല്‍കി യുവാവ് പോയി. ബംഗളൂരുവിലാണ് സംഭവം. ഹെല്‍മറ്റ് വെക്കാത്തതിനാണ് മദിവാല സ്വദേശി അരുണ്‍ കുമാറിനെ പൊലീസ് തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന്റെ ഒരു നിര തന്നെ കണ്ടെത്തുകയായിരുന്നു.
വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 42,500 രൂപ പിഴ ചുമത്തി. 77 നിയമലംഘനങ്ങളാണ് ബൈക്ക് ഉടമസ്ഥന്റെ പേരില്‍ പൊലീസ് കണ്ടെത്തിയത്. ട്രാഫിക് സിഗ്‌നല്‍ ലംഘനം, ഇരുചക്ര വാഹനത്തില്‍ മൂന്നുപേരുടെ യാത്ര, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, നമ്പര്‍ പ്ലേറ്റ് ശരിയായി ഘടിപ്പിക്കാതെയുള്ള യാത്ര തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.
ട്രാഫിക് നിയമലംഘന നോട്ടീസുകള്‍ അരുണ്‍ കുമാറിന്റെ വിലാസത്തില്‍ അയച്ചെങ്കിലും പിഴിയടക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സ്‌കൂട്ടറിന്റെ ഇരട്ടിത്തുക പിഴയടക്കാന്‍ കഴിയെന്ന് വ്യക്തമാക്കിയ അരുണ്‍ കുമാര്‍ സ്‌കൂട്ടര്‍ പോലീസിന് കൈമാറി.
സ്‌കൂട്ടര്‍ പോലീസിനോട് എടുത്തോളാന്‍ പറഞ്ഞു. സ്‌കൂട്ടര്‍ ലേലത്തില്‍ വിറ്റ് തുക ഈടാക്കാനാണ് പോലീസിന്റെ ഇപ്പോഴത്തെ തീരുമാനം.