ശ്രീനഗർ: തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവനെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പോലീസ് അറിയിച്ചു. ഹിസ്ഹുൾ തലവനായ സൈഫുള്ളയെയാണ് സുരക്ഷാസേന വധിച്ചത്. ജമ്മു കശ്മീരിൽ ഡോക്ടറായി ജോലിചെയ്തുവരുകയായിരുന്ന ഇയാൾ 2014 ലാണ് ഹിസ്ബുള്ളിൽ ചേർന്നത്. ഏറ്റുമുട്ടലിനെ തുടർന്ന് മറ്റൊരു ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ശ്രീനഗറിലെ രംഗ്രെത്തിൽ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
അതേസമയം, ഇത് തീവ്രവാദത്തിനെതിരായ വലിയ വിജയമാണെന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. ഇവർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടൽ അവസാനിച്ചതിന് ശേഷം നടത്തിയ തെരച്ചിലിലാണ് സൈഫുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. സുരക്ഷാസേന പിടികൂടിയ ഭീകരന്റെ പക്കൽനിന്നും എകെ 47 അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു. മെയ് മാസത്തിൽ റിയാസ് നിയിക്കൂ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സൈഫുള്ള ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവനായത്.
Discussion about this post