രണ്ട് വയസുകാരിയെ മര്‍ദ്ദിച്ചും മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചും പോലീസ് ഉദ്യോഗസ്ഥന്‍; അറസ്റ്റ്, പിന്നാലെ ‘തൊപ്പി തെറിച്ചു’

റായ്പൂര്‍: ചത്തീസ്ഗഢില്‍ രണ്ട് വയസുകാരിയെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. സംഭവത്തില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ബാലോഡ് ജില്ലയിലാണ് സംഭവം. പപ്പായെന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനായിരുന്നു പോലീസ് കോണ്‍സ്റ്റബിളായ അവിനാശ് റായിയുടെ ക്രൂരത. ശനിയാഴ്ച രാത്രി ഭിലായിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് അവിനാശിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സുപ്രണ്ട് ജിതേന്ദ്ര സിങ് മീന പറഞ്ഞു. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അദ്ദേഹമാണ് അറിയിച്ചത്.

നാടോടി ഗായികയായ കുട്ടിയുടെ അമ്മ അവിനാശില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ഇയാള്‍ പണം തിരികെ ചോദിച്ചു. പിന്നീട് രണ്ടുവയസുള്ള പെണ്‍കുട്ടിയോട് പപ്പ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടി അത് ചെയ്യാതിരുന്നതോടെ മര്‍ദ്ദിക്കുകയും സിഗരറ്റ് കൊണ്ട് മുഖത്തും വയറിലും കാലിലും പൊള്ളിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഇവിടെനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Exit mobile version