വെളുക്കുവോളം വെബ്‌സീരിസ് കണ്ടിരുന്നു; 18കാരന്‍ കുനാല്‍ മോഹിതെയുടെ സമയോചിത ഇടപെടലില്‍ 75 പേര്‍ക്ക് പുതുജീവന്‍, രക്ഷാപ്രവര്‍ത്തനം ഇങ്ങനെ

മുംബൈ: വെളുക്കുവോളം വെബ്‌സീരിസ് കണ്ടിരുന്ന 18കാരന്‍ കുനാല്‍ മോഹിതെയുടെ സമയോചിത ഇടപെടലില്‍ 75 പേര്‍ക്ക് പുതുജീവന്‍. മഹാരാഷ്ട്രയിലാണ് സംഭവം. രാത്രി ഉറങ്ങാതെ വെബ്‌സീരിസ് കണ്ടതാണ് വന്‍ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ഇടയാക്കിയത്.

75 പേര്‍ താമസിക്കുന്ന ഒരു കെട്ടിടത്തിലാണ് കുനാലിന്റേയും താമസം. പുലര്‍ച്ചെ നാലുമണിയോടെ വെബ് സീരീസ് കണ്ടിരുന്ന യുവാവിന് വീടിന്റെ അടുക്കള ഭാഗം കുലുങ്ങുന്നതായി തോന്നി. താമസിക്കുന്ന കെട്ടിടം തകരുകയാണെന്ന് മനസിലാക്കിയ കുനാല്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി പുറത്തെത്തിച്ച ശേഷം അയല്‍ക്കാരെയും യുവാവ് വിവരം അറിയിച്ചു.

എല്ലാവരും അതിവേഗം പുറത്തുകടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ കെട്ടിടം പൂര്‍ണ്ണമായും നിലംപതിക്കുകയായിരുന്നു. കെട്ടിടം അപകടാവസ്ഥയിലാണെന്നും എല്ലാവരും മാറണമെന്നും ഒന്‍പത് മാസം മുന്നേ അറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. പിന്നാലെയാണ് കെട്ടിടം തകര്‍ന്ന് വീണത്.

Exit mobile version