മുംബൈ: ഫ്രാൻസ് പ്രസിഡന്റിന്റെ നിലപാടുകളോടുള്ള എതിർപ്പ് പ്രകടിപ്പിച്ചുള്ള പ്രതിഷേധങ്ങൾ വിവിധ രാജ്യങ്ങളിൽ നടക്കവെ ഇന്ത്യയിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ചിത്രം റോഡിൽപതിപ്പിച്ച് ചവിട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
മുംബൈയിലെ നാഗ്പാഡാ, ഭേണ്ടി ബസാർ പ്രദേശങ്ങളിലെ ചില റോഡുകളിലാണ് മാക്രോണിന്റെ ചിത്രം റോഡിൽ പതിപ്പിച്ച് ഷൂസിട്ടു ചവിട്ടിമെതിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇവ നീക്കം ചെയ്‌തെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം പരസ്യമായ പ്രതികരണവുമായി രംഗത്തെത്തി.
സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ബിജെപി വക്താവ് സംഭിത് പാത്ര ട്വീറ്റ് ചെയ്തു. ‘ മഹാരാഷ്ട്ര സർക്കാർ, നിങ്ങളുടെ ഭരണത്തിന് കീഴിൽ എന്താണ് മുംബൈയിൽ നടക്കുന്നത്? ഇന്ത്യ ഫ്രാൻസിന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന അവസരമാണിത്. ഫ്രാൻസിൽ അക്രമങ്ങൾ അരങ്ങേറുമ്പോൾ, ഭീകരവാദത്തിനെതിരെ പോരാടാൻ അവരുടെ കൂടെ നിൽക്കും എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ മുംബൈയുടെ നടുനിരത്തുകളിൽ ഇങ്ങനെ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിക്കുന്നത് ശരിയാണോ?’-പാത്ര വിമർശിച്ചു.
महाराष्ट्र सरकार,
ये आपके सरकार के राज में क्या हो रहा है?
भारत आज France के साथ खड़ी है ..जो जिहाद फ़्रान्स में हो रहा है,उस आतंकवाद के ख़िलाफ़ हिंदुस्तान के PM ने फ़्रान्स के साथ मिल कर लड़ने की प्रतिज्ञा की है।
फिर मुंबई की सड़कों पर फ़्रान्स के राष्ट्राध्यक्ष का अपमान क्यों? pic.twitter.com/kb7PCCEY4S— Sambit Patra (@sambitswaraj) October 30, 2020
ഇതിനിടെ, മുംബൈയിലെ ഫ്രഞ്ച് പ്രസിഡന്റിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ചു കൊണ്ടു റാസ അക്കാദമി എന്ന സ്ഥാപനം രംഗത്തുവന്നു. മാക്രോൺ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾക്ക് അദ്ദേഹം നിരുപാധികം മാപ്പുപറയേണ്ടതുണ്ട് എന്നായിരുന്നു റാസ അക്കാദമിയുടെ പ്രതികരണം.
ഫ്രാൻസിലെ ചരിത്രാധ്യപകൻ സാമുവൽ പാറ്റിയെ പ്രവാചകന്റെ കാർട്ടൂൺ ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ചെന്ന് ആരോപിച്ച് 18കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാമിനെപ്പറ്റി നടത്തിയ പരാമർശങ്ങൾ ഇസ്ലാമോഫോബിയയ്ക്ക് കാരണമാണെന്ന് വിമർശനം ഉയർന്നിരുന്നു. തുർക്കിയും സൗദിയും പരസ്യമായി ഫ്രാൻസിന്റെ നടപടിയെ അപലപിച്ചെങ്കിലും ഇന്ത്യ ഫ്രാൻസിന് തീവ്രവാദത്തിന് എതിരെ പോരാടാനുള്ള തീരുമാനത്തിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.