ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണ ബില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിഎച്ച്പിയുടെ മെഗാറാലി ഇന്ന് നടക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്നാണ് വിഎച്ച്പിയുടെ അവകാശവാദം. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സുപ്രിം കോടതിയുടെ പരിഗണനയില്‍ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച വിഷയം പരിഗണനയില്‍ ഇരിക്കവെയാണ് രാജ്യ തലസ്ഥാനത്ത് വന്‍ റാലി വിഎച്ച്പി സംഘടിപ്പിക്കുന്നത്. ഈ പതിനൊന്നിന് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം നടക്കാനിരിക്കെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കണമെന്ന ഉദ്ദേശമാണ് വിഎച്ച്പിക്കുള്ളത്. എന്നാല്‍ ബില്‍ ഈ ശൈത്യകാലസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്‍കിയത്. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചില്ലെങ്കില്‍ വരുന്ന ധരം സന്‍സദില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നാണ് വിഎച്ച്പിയുടെ നിലപാട്. അലഹബാദില്‍ മഹാകുംഭമേള നടക്കുന്ന ജനുവരി 31 ഫെബ്രുവരി ഒന്ന് തീയതികളിലാണ് അടുത്ത ധരം സന്‍സദ് നടക്കുക.
വിഎച്ച്പി റാലിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്. റാലിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ ഇന്റലിജന്‍സ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. ബുലന്ദ്ശഹറില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലേക്ക് നയിച്ച പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ വിഎച്ച്പി സംഘടിപ്പിക്കുന്ന പരിപാടി കൂടിയാണ് ഇത്.
Discussion about this post