ചെന്നൈ: കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണെന്ന് തുറന്ന് പറഞ്ഞ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബു. ‘കോണ്‍ഗ്രസില്‍ ഞാന്‍ കുറെക്കാലം ജീവിച്ചതു ഞാനല്ലാതെയാണ്. അതില്‍ എന്നെപ്പോലെ ഒരാള്‍ക്കു തുടരാനാകില്ല’- ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്. ‘കോണ്‍ഗ്രസ് ഞാന്‍ എത്തിയപ്പോഴുള്ള കോണ്‍ഗ്രസല്ല. കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയും. എന്നാല്‍ ഇപ്പോഴുള്ളവരെല്ലാം കാറുകളിലും വീടുകളിലും മാത്രം ജീവിക്കുന്നവരാണ്. ജനങ്ങളുമായി ബന്ധമില്ലെന്നും അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.
‘എന്നാല്‍ ബിജെപി നേതാക്കള്‍ അങ്ങനെയല്ല. ബിജെപിയുടെ നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു. നാളെ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ലക്ഷ്യത്തിലല്ല അവരിതു ചെയ്യുന്നത്. അവര്‍ക്കു ജനങ്ങളുമായി ബന്ധമുണ്ട്. അവരുടെ ആശയങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ കഴിവുണ്ടെന്നും അവരതു ചെയ്യുന്നുവെന്നും അതാണു രാഷ്ട്രീയമെന്നും ഖുശ്ബു വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്നും ഫെബ്രുവരിയില്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതാണ്. പക്ഷെ നടന്നില്ല. കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണ്. അവിടെ ഞാന്‍ കുറെക്കാലം ജീവിച്ചതു ഞാനല്ലാതെയാണ്. അത് എന്നെപ്പോലെ ഒരാള്‍ക്കു തുടരാനാകില്ല. കോണ്‍ഗ്രസിലെ ആദ്യ 2 വര്‍ഷം നന്നായിരുന്നു. ബാക്കി 4 വര്‍ഷം നഷ്ടമായിരുന്നു.- ഖുശ്ബു പറഞ്ഞു.
Discussion about this post