മൈസൂരു: പ്രശസ്ത കന്നഡ പിന്നണിഗായിക അനന്യ ഭട്ടിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിട്ട. സ്കൂൾ പ്രിൻസിപ്പാളെ കുത്തിക്കൊന്ന സംഭവത്തിൽ കൃത്യത്തിന് ക്വട്ടേഷൻ നൽകിയത് അനന്യയുടെ പിതാവ് വിശ്വനാഥ് ഭട്ട് അടക്കമുള്ളവരാണെന്ന് പോലീസ് കണ്ടെത്തിയതിന് തുടർന്നാണ് അറസ്റ്റ്. വിശ്വനാഥ് ഭട്ടും മറ്റ് രണ്ട് അധ്യാപകരും ചേർന്നാണ് വാടകക്കൊലയാളികളെ ഏർപ്പാടാക്കിയതെന്നും കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ വാടകക്കൊലയാളികളായ രണ്ട് പേരെയും മൂന്ന് അധ്യാപകരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
സെപ്റ്റംബർ 20നാണ് വിശ്വചേതന സംസ്കൃത പാഠശാലയുടെ സെക്രട്ടറിയും റിട്ട. സ്കൂൾ പ്രിൻസിപ്പാളുമായ പരമശിവമൂർത്തി(64)യെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടുണ്ടായതിനാൽ സാമ്പത്തിക തർക്കത്തെച്ചൊല്ലിയാകും കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിച്ചിരുന്നു. എന്നാൽ പിന്നീട് പോലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് സംസ്കൃത പാഠശാലയിലെ പ്രശ്നങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടുകയും ചെയ്തത്.
പരമശിവ മൂർത്തി സെക്രട്ടറിയായിരുന്ന സംസ്കൃത പാഠശാലയിലെ അധ്യാപകനാണ് വിശ്വനാഥ് ഭട്ട്. മൂർത്തി അധ്യാപകരുടെ ശമ്പളത്തിൽനിന്നും സർക്കാർ ഗ്രാന്റിൽനിന്നും ഒരു തുക ഈടാക്കുന്നത് പതിവായിരുന്നു. ഇതേച്ചൊല്ലി തര്ക്കമുണ്ടായിട്ടും അധ്യാപകർ കലഹിച്ചിട്ടും മൂർത്തി പതിവ് തുടർന്നു.
ഇതോടെ ഇയാളുടെ ഉപദ്രവമില്ലാതാക്കാൻ വിശ്വനാഥ് ഭട്ടും മറ്റ് രണ്ട് അധ്യാപകരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഏഴ് ലക്ഷം രൂപയ്ക്ക് നാഗേഷ്, നിരഞ്ജൻ എന്നിവർക്ക് ക്വട്ടേഷൻ നൽകുകയും ചെയ്തു. സെപ്റ്റംബർ 20ന് വാടകക്കൊലയാളികൾ പരമശിവമൂർത്തിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലുകയായിരുന്നു.
അതേസമയം, പിതാവ് ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങളറിയില്ല, താൻ പിതാവിനോടൊപ്പമല്ല താമസമെന്നായിരുന്നു ഗായിക അനന്യയുടെ പ്രതികരണം.
Discussion about this post