അഗര്‍ത്തല: എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം, വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന്റെ വീട്ടില്‍ കയറി ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം. ഗുരുതരമായി പരിക്കേറ്റ 30കാരനെ അഗര്‍ത്തല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശ്വാസനാളിക്കും മുഖത്തും പരിക്കേറ്റിരിക്കുകയാണ്.
സംഭവത്തില്‍ ബിനാത്ത സന്താല്‍ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ എട്ട് വര്‍ഷമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനാത്ത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് താല്പര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് യുവാവിന് നേരെ യുവതി ആസിഡ് ഒഴിച്ചത്.
പ്രണയത്തിലായിരുന്ന യുവാവും ബിനാത്തയും നേരത്തെ പൂനെയില്‍ ഒരുമിച്ച് താമസിച്ചിരുന്നു. യുവാവ് കോളേജില്‍ പഠിക്കുമ്പോള്‍ യുവതി വീട്ടുജോലി ചെയ്താണ് പണം സമ്പാദിച്ചിരുന്നത്. 2018 മാര്‍ച്ചില്‍ യുവതിയെ പൂനെയില്‍ തനിച്ചാക്കി യുവാവ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മൂന്ന് മാസമായിട്ടും കാമുകന് വിളിക്കുകപോലും ചെയ്തില്ല. 2018 ഓഗസ്റ്റില്‍ യുവതി നാട്ടിലേക്ക് പോയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടര്‍ന്ന് റാഞ്ചിയിലേക്ക് പോയ യുവതി അവിടെ ജോലിചെയ്തുവരികയായിരുന്നു.
ദുര്‍ഗാപൂജ അവധിക്കായി നാട്ടില്‍ തിരികെ എത്തിയപ്പോഴാണ് കാമുകന് വീട്ടിലുണ്ടെന്ന വിവരമറിഞ്ഞത്. ശേഷം വീട്ടിലെത്തി വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വഴങ്ങാതിരുന്നതോടെ കൈയില്‍ കരുതിയ ആസിഡ് എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
Discussion about this post