മുംബൈ: മലേഗാവ് കേസില്‍ പിടിയിലായ സമയത്ത് അനുഭവിച്ച പോലീസ് മര്‍ദ്ദന മുറകളെപ്പറ്റി തുറന്ന് പറഞ്ഞ് ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍. മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ ക്രൂരമായ മര്‍ദ്ദനമുറകളെപ്പറ്റി വിവരിക്കുകയായിരുന്നു പ്രഗ്യ സിംഗ് താക്കൂര്‍.
റിപ്പബ്ലിക് ടിവിയോടാണ് പ്രഗ്യസിംഗ് പ്രതികരിച്ചത്. അന്ന് എ.ടി.എസ് ഉദ്യോഗസ്ഥനായിരുന്ന പരംബീര്‍ സിംഗ് ക്രൂരനും അഴിമതിക്കാരനുമാണെന്നും പ്രഗ്യ വ്യക്തമാക്കി. സുശാന്ത് സിംഗ് രാജ്പുത്ത് കേസില്‍ മെല്ലെപ്പോക്കിന് ആരോപണം നേരിടുന്നയാളാണ് പരംബീര്‍ സിംഗ്.
പോലീസ് ആവശ്യപ്പെട്ടത് സമ്മതിക്കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്ന് പ്രഗ്യ സിങ് താക്കൂര്‍ പറയുന്നു. പോലീസുകാര്‍ക്ക് ശക്തി പോരെന്ന് പറഞ്ഞ് ബെല്‍റ്റുകൊണ്ട് ഭീകരമായി സിംഗ് തന്നെ മര്‍ദ്ദിച്ചു. ബോധം കെട്ടു വീണിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ല. നിരന്തരമുള്ള മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്വാസകോശങ്ങള്‍ തകരാറിലായിട്ടും തന്നെ പടികള്‍ കയറ്റിയെന്നും പ്രഗ്യ പറഞ്ഞു.
ഒരു മുറിയിലേക്ക് കൊണ്ടു വന്ന് പോലീസുകാരെല്ലാവരും കൂടി ഒരുമിച്ച് ഭിത്തിയിലേക്ക് തള്ളിയിടും. തലയടിച്ച് പല പ്രാവശ്യം വീണ് അബോധാവസ്ഥയിലായി. വയറുകള്‍ ഘടിപ്പിച്ച കട്ടിലില്‍ ഇരുത്തിയിട്ട് പോലീസിന് ആവശ്യമുള്ള ഉത്തരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും പ്രഗ്യ ഓര്‍മ്മിച്ചു. പ്രഗ്യസിംഗ് ഇക്കാര്യം തുറന്നുപറഞ്ഞതോടെ പരംബീര്‍ സിംഗിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
Discussion about this post