നെടുമ്പാശ്ശേരി: യാത്രക്കാരുടെ എണ്ണം കൂടിയതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനവും ലാഭവും നേടി എയര്‍ ഇന്ത്യ എക്സ്പ്രസ്. 412.77 കോടി രൂപയാണ് 2019-20 സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അറ്റാദായം. 2019-20-ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനവാണുണ്ടായത്.
മുന്‍ വര്‍ഷം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അറ്റാദായം 169 കോടി രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം കണക്കുകള്‍ അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലുണ്ടായ കോവിഡ് പ്രതിസന്ധി എയര്‍ ഇന്ത്യ എക്സ്പ്രസിനെയും ബാധിച്ചു.
എന്നാല്‍ ഇതിനിടയിലും വാര്‍ഷിക വരുമാനത്തില്‍ 25 ശതമാനം വര്‍ധന നേടാനായി എന്നത് ശ്രദ്ധേയമാണ്. 2019-20 വര്‍ഷം 5,219 കോടി രൂപയാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 4,172 കോടിയായിരുന്നു.
2019-20-ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയുമായി 48.4 ലക്ഷത്തിലെത്തി. മുന്‍ വര്‍ഷം 43.6 ലക്ഷം യാത്രക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പറന്നവരില്‍ 46.6 ലക്ഷം യാത്രക്കാരും അന്താരാഷ്ട്ര യാത്രക്കാരാണ്.
ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരില്‍ 7.1 ശതമാനമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിഹിതം ഉയര്‍ന്നു. നേരത്തെ ഇത് 6.5 ശതമാനമായിരുന്നു. വിമാനങ്ങളുടെയും മനുഷ്യ വിഭവ ശേഷിയുടെയും കൃത്യമായ ഉപയോഗമാണ് നേട്ടത്തിന് കാരണമായതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ശ്യാംസുന്ദര്‍ പറഞ്ഞു.
Discussion about this post