എന്ത് കോവിഡ്! വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഉത്സവത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍, കാഴ്ചക്കാരായി നിന്ന് പോലീസും, ‘ആചാരത്തല്ലില്‍’ നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: രാജ്യത്താകമാനം കോവിഡ് വ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി പതിനായിരക്കണക്കിന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മരണസംഖ്യയും ഉയരുന്നു. അതിനിടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഉത്സവത്തിന്റെ ഭാഗമായി ഒത്തുകൂടിയിരിക്കുകയാണ് ആന്ധ്രാപ്രദേശില്‍ നൂറകണക്കിനാള്‍ക്കാര്‍.

ബാനി ഉത്സവത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ ഒത്തുകൂടിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച പരസ്പരം വടി കൊണ്ട് തല്ലുന്ന ആഘോഷത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ് ആളുകള്‍ തടിച്ചുകൂടിയത്.

കുര്‍ണൂല്‍ ജില്ലയിലെ ദേവരഗട്ട് ഗ്രാമത്തിലും ചുറ്റുമുളള പ്രദേശങ്ങളിലുമാണ് ബാനി ഉത്സവം സംഘടിപ്പിച്ചത്. ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ സംരക്ഷിക്കുന്നതായി സങ്കല്‍പ്പിച്ചാണ് വടി കൊണ്ട് പരസ്പരം പോരാടുന്നത്.
വിജയ്ദശമിയുടെ തൊട്ടടുത്ത ദിവസമാണ് പതിവായി ബാനി ഉത്സവം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആള്‍ക്കൂട്ടം ഒഴിവാക്കാന് വടി കൊണ്ടുളള ആഘോഷം സംഘടിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് ആളുകള്‍ തടിച്ചുകൂടി ആഘോഷത്തില്‍ പങ്കെടുത്തത്.പൊലീസ് പോലും കാഴ്ചക്കാരായാണ് നിന്നത്.

Exit mobile version