ഇനി ആർക്കും കാശ്മീരിൽ ഭൂമി വാങ്ങാം; കേന്ദ്രസർക്കാർ വിജ്ഞാപനമായി; അങ്ങനെ കാശ്മീരും വിൽപ്പനയ്ക്ക് എന്ന് ഒമർ അബ്ദുള്ള

ശ്രീനഗർ: രാജ്യത്തെ ഏതൊരു പൗരനും ഇനി നിയമപരമായി കാശ്മീരിലെ ഭൂമി സ്വന്തമാക്കാം. ജമ്മുകശ്മീരിലും ലഡാക്കിലും ഇന്ത്യൻ പൗരന്മാർക്ക് ഭൂമി വാങ്ങാമെന്ന പുതിയ നിയമം നടപ്പിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജമ്മുകശ്മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. കാർഷികേതര ഭൂമി വാങ്ങാനുള്ള അനുമതിയാണ് ഇതിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.

യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കശ്മീർ റീ ഓർഗനൈസേഷൻ, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ജമ്മു കശ്മീരിൽ കാർഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സർട്ടിഫിക്കറ്റോ അവിടെ പാർപ്പിടമുണ്ടെന്നതിനുള്ള സർട്ടിഫിക്കറ്റോ ഇനി മുതൽ ആവശ്യമില്ല. എന്നാൽ, കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ കഴിയൂ.

അതേസമയം, അങ്ങനെ ജമ്മുകാശ്മീരും വിൽപ്പനയ്ക്ക് എന്നാണ് പുതിയ ഉത്തരവിനോട് ഒമർ അബ്ദുള്ള പ്രതികരിച്ചത്. ഇതിനിടെ, പുതിയ നിയമം ഒരു കാരണവശാലും കാർഷിക ഭൂമിയെ ബാധിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

കർഷകർക്കായി കാർഷിക ഭൂമി മാറ്റിവെച്ചിരിക്കുകയാണ്. ഇക്കാര്യം ശക്തമായും പൂർണ്ണ ഉത്തരവാദിത്തത്തോടെയും പറയാൻ കഴിയും. പുറത്തു നിന്നുള്ള ആരും ആ ഭൂമിയിലേക്ക് വരില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇവിടെയും വ്യവസായങ്ങൾ വളരണം. ജമ്മു ക്ശ്മീരും വികസിക്കണം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.

Exit mobile version