കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം; ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദറിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. മനുസ്മൃതി വിവാദത്തില്‍ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധത്തിന് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.

ലോക്‌സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം സ്ത്രീകളുടെ അഭിമാനം കാക്കാന്‍ അവസാനശ്വാസം വരെ പോരാടുമെന്നാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. പോലീസ് വാനില്‍ അനുയായികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയില്‍ സഞ്ചരിക്കാനാണു ശ്രമിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. അതിക്രമങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും ഖുശ്ബു വ്യക്തമാക്കി


മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വിസികെ പ്രതിഷേധിച്ചിരുന്നു. മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാവളവനെതിരെ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പരാതിയില്‍ കേസെടുത്തിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവന്റെ പ്രസംഗം.

Exit mobile version