ന്യൂഡല്‍ഹി: ഹഥ്രാസ് സംഭവം സിബിഐയോ എസ്‌ഐടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ബലാത്സംഗക്കൊലക്കേസില്‍ അലഹാബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടേയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിക്കൊണ്ട് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. കേസിന്റെ വിചാരണ യുപിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും.
ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കുടുംബത്തിന് ഉന്നാവോ കേസിലേതുപോലെ സിആര്‍പിഎഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യവും ശക്തമായിരുന്നു.
കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാരും കോടതിയില്‍ പിന്തുണച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു.