ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരേ നഗ്‌നതാപ്രദര്‍ശനവും ലൈംഗികാതിക്രമവും നടത്തിയ ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ട്രാഫിക് യൂണിറ്റില്‍ ജോലിചെയ്യുന്ന എസ്‌ഐ പുനീത് ഗരേവാള്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പുകളടക്കം ചുമത്തി നാല് കേസുകളാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദ്വാരകയിലും പരിസരപ്രദേശങ്ങളിലും സ്ത്രീകള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്കെതിരേയും ലൈംഗികാതിക്രമം നടന്നതായി കഴിഞ്ഞദിവസങ്ങളില്‍ പോലീസിന് പരാതി ലഭിച്ചിരുന്നു. പിന്നാലെയാണ് എസ്‌ഐ അറസ്റ്റിലായത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യുവാവാണ് സ്ത്രീകളെ ഉപദ്രവിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതന്ന് പരാതികളില്‍ പറയുന്നുണ്ട്.
ഒക്ടോബര്‍ 17 മുതല്‍ 20 വരെയുള്ള തീയതികളില്‍ നാല് പരാതികളാണ് ഇയാള്‍ക്കെതിരേ ലഭിച്ചത്. എന്നാല്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് അറസ്റ്റ് നീണ്ടത്. ഇതിനിടെ പരാതിക്കാരിലൊരാള്‍ സംഭവങ്ങള്‍ വിശദീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയും പോസ്റ്റ് ചെയ്തു. താന്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിലെത്തിയ യുവാവ് വഴി ചോദിക്കാന്‍ നിര്‍ത്തിയെന്നും പിന്നാലെ പാന്റ്‌സിന്റെ സിപ്പ് അഴിച്ച് നഗ്‌നത പ്രദര്‍ശനം നടത്തിയെന്നുമായിരുന്നു ഇവര്‍ വീഡിയോയില്‍ പറഞ്ഞത്. പ്രതി സഞ്ചരിച്ചിരുന്ന കാറിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സബ് ഇന്‍സ്‌പെക്ടറാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ വിവാഹിതനാണ്.