തെലങ്കാന: 7801 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ തിളങ്ങുന്നത്. ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൂടി ലഭിച്ചതോടെ ഇരട്ടി തിളക്കമാണ് മോതിരത്തിന് ഇപ്പോള്‍. ഹൈദരാബാദ് സ്വദേശിയായ ഒരു വജ്രവ്യാപാരിയാണ് ഇത്തരമൊരു മോതിരം നിര്‍മിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയത്.
വജ്രവ്യാപാരിയായ കോട്ടി ശ്രീകാന്ത് ആണ് റെക്കോര്‍ഡിനര്‍ഹമായ മോതിരം നിര്‍മ്മിച്ചത്. പൂവിന്റെ ആകൃതിയില്‍ പണിത മോതിരത്തിന് ദി ഡിവൈന്‍ 7801 ബ്രാഹ്മ വജ്ര കമലം എന്നാണ് ശ്രീകാന്ത് പേരു നല്‍കിയിരിക്കുന്നത്. ഹിമാലയത്തില്‍ കാണപ്പെടുന്ന ബ്രഹ്മ കമലം എന്ന പുഷ്പത്തിന്റെ ആകൃതിയിലാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്.
ആറു പാളികളായാണ് ഈ വ്യത്യസ്തമായ മോതിരം തയ്യാറാക്കിയിരിക്കുന്നത്. അവയില്‍ ആദ്യത്തെ അഞ്ചു പാളിയിലും എട്ട് ഇതളുകളാണുള്ളത്. അവസാന പാളിയില്‍ ആറ് ഇതളുകളും. 2018 സെപ്തംബറിലാണ് ഈ മോതിരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഡിസൈന്‍ പൂര്‍ത്തിയായതോടെ മോതിരത്തിനായി എത്ര വജ്രം വേണമെന്നത് ഉറപ്പാക്കുകയും തുടര്‍ന്ന് പണി പൂര്‍ത്തിയാക്കുകയുമായിരുന്നു.
ഇന്ത്യന്‍ പാരമ്പര്യത്തില്‍ ദൈവങ്ങളെ പൂമാലകള്‍ കൊണ്ട് ആരാധിക്കുന്ന രീതിയുണ്ട്. പുഷ്പങ്ങള്‍ വിശുദ്ധിയെ സൂചിപ്പിക്കുന്നു, അതിനാലാണ് ഈ ഡിസൈന്‍ തന്നെ സ്വീകരിച്ചതെന്ന് ശ്രീകാന്ത് പറയുന്നു. മോതിരം നിര്‍മിക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
Discussion about this post