ന്യൂഡൽഹി: രാജ്യമൊട്ടാകെ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസായി ഉയർത്തിയേക്കും. ഇതേക്കുറിച്ച് പഠിക്കാനായി കേന്ദ്രം നിയോഗിച്ച സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹപ്രായം ഉയർത്തണം എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പഠനറിപ്പോർട്ടും സമിതിയുടെ അന്തിമ റിപ്പോർട്ടും ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആയി ഉയർത്തുന്നതിനായി നിയമഭേദഗതി കൊണ്ടുവരാൻ വിദഗ്ധ സമിതി ശുപാർശ ചെയ്യും. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്. കഴിഞ്ഞ യൂണിയൻ ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യം പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയമിക്കുന്ന കാര്യം അറിയിച്ചത്.
നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് 18 വയസും പുരുഷൻമാർക്ക് 21 വയസുമാണ് കുറഞ്ഞ വിവാഹപ്രായം. അതേസമയം, മുസ്ലിം ലീഗും സമസ്തയും വനിതാ മുസ്ലിം ലീഗും അടക്കും കേരളത്തിലെ നിരവധി സംഘടനകൾ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
Discussion about this post