ചണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപുർ കേസിൽ പോലീസ് അന്വേഷണം തുടങ്ങിയെന്നും കുറ്റക്കാർ പിടിയിലായിട്ടുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഹോഷിയാർപുരിൽ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറ് വയസുകാരി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കേണ്ട ആവശ്യം നിലവിലില്ലെന്നും അമരീന്ദർ സിങ് വിശദീകരിച്ചു.
ഹഥ്‌റാസ് കേസിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹോഷിയാർപുർ കേസ്. പഞ്ചാബ് പോലീസ് അതിവേഗം നടപടി സ്വീകരിച്ചു. കുറ്റാരോപിതരെ അറസ്റ്റുചെയ്തു. ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കും. പഞ്ചാബ് സർക്കാർ പ്രവർത്തിച്ചതുപോലെ കാര്യക്ഷമമായ നടപടികളെടുക്കാൻ യുപി സർക്കാരിന് കഴിഞ്ഞോ? ആർക്കെങ്കിലും പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങേണ്ടി വന്നോ എന്നും അമരീന്ദർ സിങ് ചോദിച്ചു.
നേരത്തെ, ഹോഷിയാർപുരിലെ സംഭവം സഹോദരന്റെയും സഹോദരിയുടെയും (രാഹുലും പ്രിയങ്കയും) മനസാക്ഷിയെ ഉലച്ചില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പരോക്ഷമായി വിമർശിച്ചിരുന്നു. രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന മറ്റെല്ലാ സ്ഥലങ്ങളിലേക്കും ഇരുവരും കുതിച്ചെത്തുമെന്നും കേന്ദ്ര ധനമന്ത്രി ഹഥ്‌റാസ് സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞിരുന്നു. ഈ വിമർശനത്തോടാണ് ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.
ഹാഥ്‌റസ് കേസിൽ പോലീസ് അന്വേഷണം പോലും നടന്നിട്ടില്ലെന്നും ഹോഷിയാർപുർ കേസിൽ ശരിയായ ദിശയിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഹാഥ്‌റസ് കേസിൽ നടപടി സ്വീകരിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് മാത്രമല്ല ‘ഉയർന്ന ജാതി’യിൽപ്പെട്ട പ്രതികളെ സഹായിക്കാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി.