ആരാധകര്‍ പേടിക്കേണ്ട, കപില്‍ജി ഓകെയാണ്; ചിത്രം പങ്കുവെച്ച് ചേതന്‍ ശര്‍മ്മ

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ആരാധകര്‍ പേടിക്കേണ്ടെന്നും കപില്‍ജി ഓകെയാണെന്നുമാണ് ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ചേതന്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചത്.

ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ താരത്തിന്റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് ചേതന്‍ ശര്‍മ്മ പങ്കുവെച്ചത്. ചിത്രത്തില്‍ കപിലിനരികില്‍ മകള്‍ അമ്യയും ഇരിപ്പുണ്ട്. ഇന്നലെയാണ് കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1983-ല്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത് കപില്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ ടീം കപിലിന്റെ ചെകുത്താന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരാവുകയും ചെയ്തിരുന്നു.

Exit mobile version