പാട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടേറിയ പ്രചാരണ വിഷയമായി ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവും. സുശാന്തിന്റെ മരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പരാമർശിച്ചാണ് ബിജെപി നേതാവ് മനോജ് തിവാരി പുതിയ ആയുധം പുറത്തെടുത്തത്.
സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ കരങ്ങളുണ്ടെന്നാണ് മനോജ് തിവാരി ആരോപിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുകളാണ് കേസിൽ വേഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സഹായിച്ചതെന്നും മനോജ് തിവാരി ബങ്കയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞു. ഞായറാഴ്ചയാണ് ബിജെപിക്ക് വേണ്ടി മനോജ് തിവാരിയും ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
ബിഹാർ സ്വദേശിയായ സുശാന്ത് സിങ് രജ്പുതിനെ ജൂൺ 14നാണ് മുബൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പോലീസും പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാരും രേഖപ്പെടുത്തിയിരുന്നു.
മരണത്തിൽ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ പിതാവാണ് ബിഹാർ പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ബിഹാർ-മഹാരാഷ്ട്ര സർക്കാരുകളും പോലീസും തന്നെ വിഷയത്തിൽ കൊമ്പുകോർത്തിരുന്നു. മുംബൈ പോലീസ് സുശാന്തിന്റെ സുഹൃത്തായ റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു.