മുംബൈ: താൻ ആരാധിക്കുന്ന ആർഎസ്എസ് സൈദ്ധാന്തികൻ സവർക്കറിനെ പോലെ ജയിലേക്ക് പോകാൻ കാത്തിരിക്കുന്നു എന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ മുംബൈ കോടതി തനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ ന്യായീകരണ ട്വീറ്റ്.
തനിക്കെതിരെയുള്ള നടപടികളെ സ്വാതന്ത്ര്യസമരത്തോട് ഉപമിച്ചായിരുന്നു കങ്കണയുടെ പരാമർശങ്ങൾ. ഝാൻസി റാണിയുടെ പോരാട്ടത്തോട് സാമ്യപ്പെടുത്താനും കങ്കണ മടിച്ചില്ല. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി കങ്കണയുടെ വീട് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഭാഗികമായി പൊളിച്ചുമാറ്റിയതിനെ വിമർശിക്കവെയാണ് റാണി ലക്ഷ്മിബായിയുടെ കോട്ട തകർത്തതുപോലെ എന്റെ വീടും തകർത്തെന്ന് കഹ്കണ പറഞ്ഞത്.
വീര സവർക്കറെ കലാപത്തിന്റെ പേരിൽ ജയിലിലടച്ചതുപോലെ എന്നെയും ജയിലിലേക്ക് അയയ്ക്കാൻ അവർ പരമാവധി ശ്രമിക്കുന്നു. ഈ ‘അസഹിഷ്ണുത’ നിറഞ്ഞ രാജ്യത്ത് എത്രമാത്രം വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരെങ്കിലും പോയി ആ ‘അസഹിഷ്ണുത സംഘ’ത്തോട് ചോദിക്കണം’ ആമിർ ഖാനെ ടാഗ് ചെയ്ത മറ്റൊരു ട്വീറ്റിൽ വിമർശനം നടത്തി കങ്കണ പറഞ്ഞു. .
രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്ന ആമിർ ഖാനടക്കമുള്ള ‘അസഹിഷ്ണുത സംഘം’ തനിക്കെതിരെ ഉണ്ടാകുന്ന നടപടികളെ അവഗണിക്കുന്നെന്നായിരുന്നു അടുത്ത ട്വീറ്റിലെ വിമർശനം. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് വർഷങ്ങൾക്കുമുൻപ് ആമിർ ഖാൻ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ പ്രതികരണം.
മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖ് നൽകിയ പരാതിയടക്കം നിരവധി കേസുകളിലായാണ് കങ്കണയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് അടുത്തയാഴ്ച പോലീസ് കങ്കണയെയും സഹോദരി രംഗോളി ചന്ദേലിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.