ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിജയിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കിരിക്കുകയാണ് പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍. ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്ന് പറഞ്ഞ ചന്ദ്രശേഖര്‍ വിജയ് ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിജയ്യും പിതാവും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ തന്റെ നിലപാട് തുറന്നുപറഞ്ഞത്.
തമിഴകത്തെ യുവ നടന്മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിജയ് നേരത്തെ രാഷ്ട്രീയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സമീപകാല ചിത്രങ്ങളായ മെഴ്‌സല്‍, സര്‍ക്കാര്‍ എന്നിവയില്‍ വ്യക്തമായ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു. മെഴ്‌സലിനെതിരെ ബിജെപിയും ‘സര്‍ക്കാരിനെതിരെ’ അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നു.
അതിനിടെ തമിഴിലെ ഹാസ്യനടന്‍ വടിവേലു ബിജെപിയില്‍ ചേരുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നടനോ പാര്‍ട്ടിയോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ആരാധകര്‍ സ്‌നേഹപൂര്‍വം ‘വൈഗൈ പുഴല്‍’ എന്നു വിളിക്കുന്ന വടിവേലു മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെയെ പിന്തുണച്ചു
പ്രചാരണം നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിനിമാതാരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമം ബിജെപി തുടരുകയാണ്. ഗൗതമി, നമിത, രാധാരവി എന്നിവര്‍ പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളാണ്.
കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഖുശ്ബു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തായായിരുന്നു.