പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ബിരുദാനന്തര ബിരുദ തലംവരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽ രഹിതരായ യുവാക്കൾക്ക് 1500 രൂപ വീതം മാസം തോറും അലവൻസും നൽകുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിന്റെ ഭാഗമാണ് ബിഹാറിൽ കോൺഗ്രസ്.
ബിഹാറിലെ എല്ലാ ജനങ്ങൾക്കും ശുദ്ധജലം ഉറപ്പാക്കുമെന്നും കാർഷിക കടങ്ങളും വൈദ്യുതി ബിൽ കുടിശ്ശികയും എഴുതിത്തള്ളുമെന്നും പത്രികയിലുണ്ട്. കൃഷിക്കുവേണ്ടി ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
കന്ദ്രത്തിലെ എൻഡിഎ സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ മറികടക്കാൻ പഞ്ചാബിലേതിന് സമാനമായ നിയമ നിർമാണം നടത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മുതിർന്ന പൗരന്മാർക്ക് പെൻഷൻ നൽകുന്നതിനുള്ള ഡോ. രാജേന്ദ്ര പ്രസാദ് വൃദ്ധ് സമ്മാൻ യോജന, രാജീവ് ഗാന്ധി കൃഷി ന്യായ് യോജന എന്നിവയാണ് കോൺഗ്രസിന്റെ മറ്റ് വാഗ്ദാനങ്ങൾ. തൊഴിൽരഹിതരായ യുവാക്കൾക്ക് 1500 രൂപവീതം പ്രതിമാസ അലവൻസ് നൽകുമെന്നും മഹാസഖ്യത്തിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ 10 ലക്ഷം സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നേരത്തെ തന്നെ കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ വാഗ്ദാനം ചെയ്തിരുന്നു. രാഷ്ട്രീയ ജനതാദൾ (ആർജെഡി), ഇടതുപാർട്ടികൾ എന്നിവർക്കൊപ്പമാണ് കോൺഗ്രസ് ബിഹാറിൽ മത്സരിക്കുന്നത്.
Discussion about this post