ചെന്നൈ: ദേശിയ പാതയില്‍ കണ്ടെയ്നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്താണ് സംഭവം. റെഡ്മി കമ്പനിയുടെ പത്ത് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ ശേഖരമാണ് കൊള്ളയടിച്ചത്.
ചെന്നൈയില്‍ നിന്നും ഫോണുകളുമായി മുംബൈയ്ക്ക് പോകുകയായിരുന്ന ലോറിയാണ് ഒരു സംഘം തട്ടിയെടുത്തത്. രാമനാഥപുരം സ്വദേശിയായ ഡ്രൈവര്‍ അരുണ്‍ (34), ചെന്നൈ പൂനമല്ലി സ്വദേശിയായ സതീഷ് കുമാര്‍ (29) എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
ഡ്രൈവര്‍മാരെ കൈയ്യേറ്റെ ചെയ്ത ശേഷമാണ് കൊള്ളയടിച്ചത്. ഇരുവരുടെയും കണ്ണും കൈകളും കെട്ടി സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കൈകളും കാലുകളും തമ്മില്‍ ബന്ധിച്ചു. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന മൊബൈലുകള്‍ സംഘം കൊള്ളയടിച്ചതായി ഡ്രൈവര്‍മാര്‍ പോലീസിനോട് പറഞ്ഞു.
ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചൂളഗിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 10 കോടിരൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായാണ് പ്രാഥമിക വിലയിരുത്തലെന്ന് പോലീസ് പറഞ്ഞു.