ആന്ധ്രാപ്രദേശില്‍ എല്ലാ സ്‌കൂളുകളും നവംബര്‍ രണ്ടിന് തുറക്കും; ക്ലാസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ഉച്ചവരെയും

അമരാവതി: ആന്ധ്രാപ്രദേശില്‍ എല്ലാ സ്‌കൂളുകളും നവംബര്‍ രണ്ടിന് തുറക്കും. ജില്ലാ കളക്ടര്‍മാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നതിനിടെയാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചത്.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഒന്ന്,മൂന്ന്,അഞ്ച്,ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസവും രണ്ട്,നാല്,ആറ്,എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് അടുത്ത ദിവസവും എന്ന രീതിയില്‍ ഇടവിട്ട ദിവസങ്ങളിലാവും ക്ലാസുകള്‍ നടത്തുക.കുട്ടികള്‍ തടിച്ചു കൂടുന്നത് ഒഴിവാക്കാനാണ് ഇടവിട്ട ദിവസങ്ങളിലുള്ള ക്രമീകരണം.

ഉച്ചവരെ മാത്രമേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കൂ.ഉച്ചഭക്ഷണ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലേക്ക് പോകാം. 750-ലേറെ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ മൂന്ന് ദിവസത്തിലൊരിക്കലാവും ക്ലാസുകളുണ്ടാവുക. സ്‌കൂളിലേക്ക് വരാന്‍ കഴിയാത്തവര്‍ക്കും കൊവിഡ് ഭീതി മൂലം വരാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഓണ്‍ലൈനില്‍ പഠനം തുടരാനും അവസരമുണ്ടാവും. നവംബര്‍ മാസത്തിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനവും കൊവിഡ് സാഹചര്യവും പരിശോധിച്ച ശേഷം ഡിസംബറില്‍ ക്ലാസുകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു.

Exit mobile version