മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ചെവി വേദനയുണ്ടോ?; പരിഹാരമുണ്ടെന്ന് ഈ 12ാംക്ലാസ്സുകാരി പറയുന്നു

കൊല്‍ക്കത്ത: കുറേ നേരം മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ചെവി വേദനിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി. ദിഗന്തിക ബോസാണ് ‘ഇയര്‍ പ്രഷര്‍ റിഡക്ഷന്‍ ടൂള്‍’ കണ്ടെത്തി ഡോ.അബ്ദുള്‍ കലാമിന്റെ പേരിലുളള ദേശീയ ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹയായത്.

ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഇഗ്‌നിറ്റഡ് മൈന്‍ഡ് ചില്‍ഡ്രന്‍ ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ് 2020 ലഭിച്ച ഒമ്പതു പേരില്‍ ഒരാളാണ് ദിഗന്തിക. കോവിഡ് മുന്നണിപ്പോരാളികളെ മനസ്സില്‍കണ്ടുകൊണ്ട് നിര്‍മിച്ച ‘ഇയര്‍ പ്രഷര്‍ റിഡക്ഷന്‍ ടൂളാ’ണ് ദിഗന്തികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

പ്രാദേശികമായ പ്രശ്‌നങ്ങള്‍, ഇതുവരെ അഭിസംബോധന ചെയ്യപ്പെടാത്ത സാമൂഹികാവശ്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി കുട്ടികള്‍ക്കിടയില്‍ സഹാനുഭൂതി സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്.

ഈ വര്‍ഷം 22 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നായി 9,000 ആശയങ്ങളാണ് ഫൗണ്ടേഷന് ലഭിച്ചത്. ‘ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ ദീര്‍ഘനേരം മാസ്‌ക് ധരിക്കേണ്ടി വരുന്ന നിരവധിപേരുണ്ട്. ചെവിയില്‍ നിരന്തരമായ സമ്മര്‍ദത്തിനും വേദനയ്ക്കും ഇത് കാരണമാകും.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്, ഫ്‌ളെക്‌സിബിള്‍ ബോര്‍ഡുകള്‍ എന്നിവയുടെ സഹായത്തോടെ ഞാന്‍ ഈ ബാന്‍ഡുകള്‍ക്ക് രൂപകല്പന നിര്‍വഹിച്ചു.’ ദിഗന്തിക പറയുന്നു. മാസ്‌കിന്റെ ഇയര്‍ സട്രാപ്പുകളെ തലയുടെ പിന്‍ഭാഗത്തായി കൊളുത്താന്‍ സഹായിക്കുന്നതാണ് ദിഗന്തിക രൂപ കല്പന ചെയ്ത ഇയര്‍ പ്രഷര്‍ റിഡക്ഷന്‍ ടൂള്‍.

ഇപ്രകാരം ചെയ്യുമ്പോള്‍ ചെവിക്ക് മേലുളള സമ്മര്‍ദം ഒഴിവാക്കാന്‍ സാധിക്കും. തന്മൂലം വേദനയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയുമില്ല. കോവിഡ് 19 ആയി ബന്ധപ്പെട്ട് ദിഗന്തിക നടത്തുന്ന ആദ്യ കണ്ടുപിടിത്തമല്ല ഇത്. കോവിഡുമായി ബന്ധപ്പെട്ട് അഞ്ച് പ്രത്യേക റിസെര്‍ച്ചാണ് അവര്‍ നടത്തിയത്. ഏപ്രിലില്‍ വായുലഭ്യമാക്കുന്ന അതേസമയം വൈറസിനെ ഇല്ലാതാക്കുന്ന ഒരു മാസ്‌ക് ദിഗന്തിക നിര്‍മിച്ചിരുന്നു.

Exit mobile version