വ്യാജ വിവാഹരേഖകളുണ്ടാക്കി താമസിച്ച് അനധികൃത വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ 10 ഇന്ത്യന്‍ പുരുഷന്‍മാരും 24 തായ്‌ലന്‍ഡ് സ്ത്രീകളും അറസ്റ്റില്‍. വിവഹിതരായി എന്ന രേഖയുണ്ടാക്കി ഇന്ത്യയില്‍നിന്നുള്ള പുരുഷന്‍മാര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തു എന്നതാണ് തായ്‌ലന്‍ഡ് സ്ത്രീകള്‍ ചെയ്ത കുറ്റം.
20 ഇന്ത്യക്കാരും ആറു തായ്‌ലന്‍ഡുകാരും കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടത്തുകയാണമെന്നും ബാങ്കോക്ക് പൊലീസ് അറിയിച്ചു.അനധികൃതമായി തായ്‌ലന്‍ഡില്‍ താമിസിക്കുന്നവരെ കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് തായ്‌ലന്‍ഡിലെ ഇമിഗ്രേഷന്‍ പൊലീസ് ബ്യൂറോ അറിയിച്ചു.
വ്യാജരേഖകളുടെ സഹായത്തോടെയാണ് ഇടപാടുകള്‍ നടത്തുന്നതെന്നു പറയുന്നു പൊലീസ്. തായ്‌ലന്‍ഡ് യുവതികളെ വിവാഹം കഴിക്കുന്ന അന്യരാജ്യക്കാരായ പുരുഷന്‍മാര്‍ക്ക് രാജ്യത്ത് താമസിക്കാമെന്ന നിയമത്തിന്റെ പിന്‍ബലത്തില്‍ വ്യാജവിവാഹ രേഖകളുണ്ടാക്കിയാണ് ഇന്ത്യയില്‍നിന്നുള്ള പുരുഷന്‍മാരെ എത്തിക്കുന്നത്.
ഇവര്‍ പ്രധാനമായും പണം പലിശയ്ക്കു കൊടുക്കുന്ന ഇടപാടുകളും മറ്റുമാണ് നടത്തുന്നത്. വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും തവണ വ്യവസ്ഥയില്‍ കൊടുത്ത് പണം ഈടാക്കുന്ന പുരുഷന്‍മാരും ഉണ്ടത്രേ. അനധികൃത ഇടപാടുകള്‍ നടത്താന്‍ പുരുഷന്‍മാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതു തായ്‌ലന്‍ഡില്‍നിന്നുള്ള യുവതികളാണ്.
10,000 രൂപ വരെ പ്രതിഫലം വാങ്ങിയാണ് സ്ത്രീകള്‍ വ്യാജ വിവാഹ രേഖകള്‍ ശരിയാക്കിക്കൊടുക്കുന്നത്. കുറ്റകൃത്യത്തിലേര്‍പ്പെട്ട അറുപതോളം പുരുഷന്‍മാരുടെ വിസ ക്യാന്‍സല്‍ ചെയ്തു. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പിന്‍വലിക്കാനുള്ള നടപടിയും പുരോഗമിക്കുന്നു