കൂറുമാറി ബിജെപിയിലെത്തിയ വനിതാ സ്ഥാനാർത്ഥിയെ ഐറ്റമെന്ന് വിളിച്ചു; പ്രതിഷേധം ശക്തമായതോടെ ഖേദംപ്രകടിപ്പിച്ച് കമൽനാഥ്

ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയിലേക്ക് ചേക്കേറി വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയും ചെയ്ത വനിതാ നേതാവിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. ആർക്കെങ്കിലും തന്റെ പരാമർശം അവഹേളനമായി തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ കമൽനാഥ് പറഞ്ഞു.

‘ഞാൻ അവഹേളിക്കുന്ന പരാമർശമാണ് നടത്തിയതെന്ന് അവർ (ബിജെപി) പറയുന്നു. ഏത് പരാമർശം. ഞാൻ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’ കമൽനാഥ് പറഞ്ഞു. ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ തിരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമൽനാഥ് പറയുകയും ചെയ്തു.

ദാബ്രയിൽ നടന്ന യോഗത്തിനിടെ ബിജെപി സ്ഥാനാർത്ഥിയായ ഇമർതി ദേവിയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ച കമൽനാഥിന്റെ പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു ‘ഐറ്റ’മായ എതിർസ്ഥാനാർത്ഥിയെ പോലെയല്ല തങ്ങളുടെ സ്ഥാനാർത്ഥിയെന്നും അദ്ദേഹം എളിയവനാണെന്നുമായിരുന്നു കമൽനാഥിന്റെ വാക്കുകൾ.

‘ഞാൻ എതിർസ്ഥാനാർത്ഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാൾ നന്നായി നിങ്ങൾക്കേവർക്കും അവരെ അറിയാം. എന്തൊര് ഐറ്റമാണത്’ കമൽ നാഥ് പറഞ്ഞു. ഇതിനിടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഇമർതി ദേവി എന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു. നവംബറിലാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.

Exit mobile version