കൊല്‍ക്കത്ത: ബോംബ് ഫാക്ടറികളുടെ വിവരങ്ങള്‍ കൈവശമുള്ള അമിത് ഷായുടെ കൈയില്‍ അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള ഒരു ഡാറ്റയും ഇല്ല എന്നത് വൈരുദ്ധ്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. ബംഗാളില്‍ ഓരോ ജില്ലയിലും ബോംബ് നിര്‍മ്മാണ ഫാക്ടറികള്‍ ഉണ്ടെന്ന അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ പ്രതികരിച്ചത്.
‘ബോംബ് ഫാക്ടറികളുടെ വിവരങ്ങള്‍ കൈവശമുള്ള അമിത് ഷായുടെ കൈയില്‍ രാജ്യത്തെ അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള ഒരു ഡാറ്റയും ഇല്ല എന്നത് വൈരുദ്ധ്യമാണ്. രാഷ്ട്രപതി ഭരണം എന്നും പറഞ്ഞ് ബംഗാളിലെ ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ എങ്ങനെ ധൈര്യം വന്നു? ബംഗാളിലെ സാമൂഹ്യഐക്യം തകര്‍ക്കാനാണ് അമിത് ഷായുടെ ശ്രമം. അറപ്പുളവാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രമാണിത്’ എന്നാണ് അഭിഷേക് ബാനര്‍ജി പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ബംഗാളിലെ എല്ലാ ജില്ലകളിലും ബോംബ് നിര്‍മാണ ഫാക്ടറികളുണ്ടെന്ന് പറഞ്ഞത്. ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നുവെന്നും പ്രതിപക്ഷത്തുള്ളവരെ കള്ളക്കേസില്‍ കുടുക്കുകയും കൊല്ലുകയും ചെയ്യുന്നു. ഇതൊന്നും വേറെ ഒരു സംസ്ഥാനത്തുമില്ല. നേരത്തെ കേരളത്തില്‍ സമാന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറ്റമുണ്ട്. ബംഗാളില്‍ അഴിമതി അങ്ങേയറ്റമാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
Discussion about this post