ബംഗളൂരു മയക്കുമരുന്ന് കേസ്; വിചാരണ നടക്കുന്ന കോടതിയില്‍ സ്‌ഫോടക വസ്തുവും ഭീഷണിക്കത്തും, കത്ത് മജിസ്‌ട്രേറ്റിനെതിരെ

ബംഗളൂരു: കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്നു കേസിന്റെ വിചാരണ നടക്കുന്ന കോടതിയിലെത്തിയ പാഴ്‌സലില്‍ സ്ഫോടകവസ്തുവും ഭീഷണിക്കത്തും. കൊറിയര്‍ വഴിയാണ് പാഴ്സല്‍ എത്തിയത്. വിചാരണക്കോടതിയിലെ മജിസ്ട്രേറ്റിനെതിരെയുള്ള ഭീഷണിയാണ് കത്തിലെ ഉള്ളടക്കം.

മയക്കുമരുന്നുകേസില്‍ കസ്റ്റഡിയിലുള്ള രാഗിണി ത്രിവേദി, സഞ്ജന ഗല്‍റാണി എന്നീ നടിമാരേയും ബംഗളൂരു കലാപക്കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളേയും വിട്ടയയ്ക്കണമെന്നും മറിച്ചാണെങ്കില്‍ കോടതി തകര്‍ക്കുമെന്നുമാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ബംഗളൂരു പോലീസ് മേധാവിയ്ക്കും കത്തിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്.

പകല്‍ സമയത്ത് ലഭിച്ച പാഴ്സല്‍ കോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് കോടതിയിലെ ഒരു ജീവനക്കാരന്‍ പൊതി തുറന്നപ്പോഴാണ് സ്ഫോടകവസ്തുവും കത്തും കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തു നിര്‍വീര്യമാക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version