കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും ജെപി നഡ്ഡ പറഞ്ഞു. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു നഡ്ഡ.
പൗരത്വനിയമം പാര്‍ലമെന്റില്‍ പാസായതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് കാരണമാണ് നിയമം നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെടുന്നുണ്ട്. നിയമം ഉടന്‍ നടപ്പിലാക്കും-നഡ്ഡ പറഞ്ഞു.
യോഗത്തില്‍, മമത സര്‍ക്കാരിനെ രൂക്ഷമായി നഡ്ഡ വിമര്‍ശിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത പിന്തുടരുന്നത്. ഇവിടത്തെ ഹിന്ദു സമുദായത്തെ മമത വേദനിപ്പിച്ചു. എന്നാല്‍ അധികാരക്കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെ വോട്ടുബാങ്കിന് വേണ്ടി ഹിന്ദുക്കള്‍ക്ക് വേണ്ടി നില്‍ക്കുകയാണെന്നും നഡ്ഡ പറഞ്ഞു. തൃണമൂല്‍ വിഭജനത്തിലും ഭരണത്തിലും വിശ്വസിക്കുമ്പോള്‍ ബിജെപി സാഹോദര്യത്തിലും വികസനത്തിലുമാണ് വിശ്വസിക്കുന്നത് എന്നും നഡ്ഡ പറഞ്ഞു.