ന്യൂഡല്‍ഹി: ലൈംഗികപീഡനാരോപണത്തെ തുടര്‍ന്ന് ആകാശവാണിയിലെ ഉദ്യോഗസ്ഥനെ ജോലിയില്‍ തരം താഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഒന്‍പത് വനിതാ ജീവനക്കാര്‍ ഉദ്യോഗസ്ഥനെതിരെ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന്.
വനിതാ കമ്മീഷന്റെ അന്വേഷണറിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അച്ചടക്ക സമിതി അംഗീകരിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നുവെന്ന് കമ്മീഷന് പത്രക്കുറിപ്പില്‍ അറിയിച്ചത്. ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ശമ്പളം ഒരു വര്‍ഷം രണ്ടു ഘട്ടമായി വെട്ടിച്ചുരുക്കാനും ആ കാലയളവില്‍ യാതൊരു വിധ ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്നുമാണ് അച്ചടക്കസമിതിയുടെ തീരുമാനം.
കമ്മീഷന് മുന്‍പാകെ നവംബര്‍ 12 നാണ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി ലഭിച്ചത്. കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് സെക്രട്ടറിക്കും പ്രസാര്‍ഭാരതി സിഇഒയ്ക്കും പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കമ്മീഷന് കത്തയച്ചു. ഇതേ തുടര്‍ന്നാണ് അന്വേഷണത്തിനായി അച്ചടക്കസമിതിയെ നിയമിച്ചത്.
വനിതാ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് പ്രസാര്‍ഭാരതി വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ഗതാഗതസൗകര്യം ഒരുക്കുകയും സ്റ്റേഷന് ഇന്‍ ചാര്‍ജായി വനിത ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു. ലൈംഗികപീഡന പരാതികള്‍ കൃത്യമായി അന്വേഷിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും പ്രസാര്‍ഭാരതി നല്‍കിയിട്ടുണ്ട്.
Discussion about this post