പിറന്നാള്‍ ദിനത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ കേന്ദ്രമന്ത്രി ക്യു നിന്നത് മൂന്നര മണിക്കൂര്‍; വ്യത്യസ്തനും ജനപ്രിയനുമായി അര്‍ജുന്‍ മേഘ്‌വാള്‍

കേന്ദ്രജലവിഭവ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ മേഘ്വാളാണ് വ്യത്യസ്ത തീരുമാനത്തിലൂടെ ശ്രദ്ധേയനായത്.

ജയ്പൂര്‍: താരപകിട്ടുകളാലും പദവിയാലും പോസ് ഇടുന്നവര്‍ക്ക് മാതൃകയായി കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍. പിറന്നാള്‍ ദിനത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ മന്ത്രി മൂന്നര മണിക്കൂറോളം ക്യുവില്‍ തന്നെ നിന്നു. പദവി മാനിച്ച് തനിയ്ക്ക് നേരത്തെ വോട്ട് ചെയ്യേണ്ടെന്നും സാധാരണ പൗരന് ലഭിക്കുന്ന പരിഗണന മാത്രം മതിയെന്നായിരുന്നു മന്ത്രി നല്‍കിയ വിശദീകരണം.

കേന്ദ്രജലവിഭവ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ മേഘ്വാളാണ് വ്യത്യസ്ത തീരുമാനത്തിലൂടെ ശ്രദ്ധേയനായത്. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ടവകാശം രേഖപ്പെടുത്താനെത്തിയതായിരുന്നു മേഘ്വാള്‍. ബിക്കാനേര്‍ ജില്ലയിലെ 172ആം നമ്പര്‍ ബൂത്തില്‍ രാവിലെ എട്ട് മണിക്ക് തന്നെ വോട്ട് ചെയ്യാനെത്തിയെങ്കിലും വരി നിന്ന് നിന്ന് ഒടുവില്‍ വോട്ട് ചെയ്യാനായത് 11.30 ന് മാത്രം.

മന്ത്രിയുടെ പിറന്നാള്‍ ദിനം കൂടി ആയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറായതിനാല്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് അര്‍ജുന്‍ മേഘ്വാളിന് ക്യൂ നില്‍ക്കേണ്ടി വന്നതെന്നും അല്ലാതെ മന്ത്രിയുടെ ക്ഷമാശീലവും ലാളിത്യവുമൊന്നുമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

Exit mobile version