ബിജ്നോര്‍: കരിമ്പ് തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്ന കര്‍ഷകര്‍ ഹെല്‍മെറ്റും നെക്ക്പാഡും അടക്കമുള്ളവ ധരിക്കണമെന്ന് യുപി വനംവകുപ്പിന്റെ നിര്‍ദേശം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടുവാന്‍ കൂടിയാണ് വനംവകുപ്പിന്റെ പ്രത്യേക നിര്‍ദേശം.
കരിമ്പ് വിളവെടുപ്പുകാലം തുടങ്ങാനിരിക്കെ ബിജ്നോറിലെയും സമീപ ജില്ലകളിലെയും കര്‍ഷകര്‍ക്കാണ് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഈ വര്‍ഷം ആറുപേര്‍ക്ക് ജീവന് നഷ്ടമായ സാഹചര്യത്തിലാണ് സുരക്ഷാ ബോധവത്കരണം വ്യാപകമാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
റേഷന്‍ കടകളിലും ഗ്രാമീണ മേഖലകളിലും ഇതുസംബന്ധിച്ച പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഹെല്‍മെറ്റും നെക്ക് ഗാര്‍ഡും ധരിക്കുന്നതിന് പുറമെ കരിമ്പ് പാടത്ത് ജോലിചെയ്യുന്ന സമയത്ത് ഡ്രം മുഴക്കുകയോ മൊബൈലിലോ റേഡിയോയിലോ ഉറക്കെ പാട്ടുവെക്കുകയോ ചെയ്യണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്.
കരിമ്പ് പാടത്തേക്ക് കൂട്ടംചേര്‍ന്ന് പോകുകയും നായയെ ഒപ്പംകൂട്ടുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കരിമ്പിന് തോട്ടത്തില്‍ വന്യമൃഗങ്ങളെ കണ്ടാല്‍ ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കണം. ഇതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ പോസ്റ്ററിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ സ്ഥലത്തെത്താന്‍ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നു.
Discussion about this post