ന്യൂഡല്‍ഹി: ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍. കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായിട്ടുണ്ടെങ്കിലും രണ്ടാം വരവ് തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും ശൈത്യകാലത്ത് ഇന്ത്യയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കാമെന്ന് പറഞ്ഞിരുന്നു.
ശൈത്യകാലത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. എന്നാല്‍ തള്ളിക്കളയാനാകില്ല. അക്കാര്യങ്ങള്‍ വിശദമായി പഠിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് യൂറോപ്പലില്‍ കൊവിഡ് രണ്ടാം വരവ് ഉണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെതിരായ വാക്‌സിന്‍ വന്നാല്‍ അത് ഇന്ത്യ മുഴുവന്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ തയാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്ഫുട്‌നിക് അഞ്ചിന് ഇന്ത്യയില്‍ പരീക്ഷണത്തിനുള്ള അനുമതി നല്‍കിയിരുന്നു.
അതേസമയം രാജ്യം കൊവിഡിന്റെ ദുര്‍ഘട ഘട്ടത്തെ മറികടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബറോടെ രാജ്യം കൊവിഡിന്റെ ദുര്‍ഘട ഘട്ടത്തെ മറികടന്നു. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചാല്‍ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദ്ഗധ സമിതി വ്യക്തമാക്കി. അതിസങ്കീര്‍ണ്ണ ഘട്ടം കഴിഞ്ഞെങ്കിലും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ലെന്നും സമിതി വിലയിരുത്തി. നിലവില്‍ 75ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 74,94,552 ആണ് രോഗബാധിതരുടെ എണ്ണം. ഇത് ഫെബ്രുവരി ആകുമ്പോഴേക്കും 105 ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധ സമിതി വിലയിരുത്തുന്നത്.
രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 61,871 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഒരുഘട്ടത്തില്‍ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. ഇതാണ് അറുപത്തി ഒന്നായിരത്തിലേക്ക് കുറഞ്ഞത്. ഒരു സമയത്ത് ബ്രസീലിനെയും അമേരിക്കയെയും പിന്തള്ളി രോഗികളുടെ എണ്ണം രാജ്യത്ത് ഉയര്‍ന്നത് വലിയ ആശങ്കയായിരുന്നു.
നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞു. 783311 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 88.03 ശതമാനത്തിലെത്തിയതും ആശ്വാസകരമാണ്. രാജ്യത്ത് മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ ആഗസ്റ്റോടെ മരണസംഖ്യ 25 ലക്ഷത്തിലെത്തുമായിരുന്നുവെന്നും സമിതി വിലയിരുത്തി. നിലവില്‍ 1.14ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post