ന്യൂഡല്‍ഹി: രാജ്യം കൊവിഡിന്റെ ദുര്‍ഘട ഘട്ടത്തെ മറികടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബറോടെ രാജ്യം കൊവിഡിന്റെ ദുര്‍ഘട ഘട്ടത്തെ മറികടന്നു. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചാല്‍ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദ്ഗധ സമിതി വ്യക്തമാക്കി.
അതിസങ്കീര്‍ണ്ണ ഘട്ടം കഴിഞ്ഞെങ്കിലും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ലെന്നും സമിതി വിലയിരുത്തി. നിലവില്‍ 75ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 74,94,552 ആണ് രോഗബാധിതരുടെ എണ്ണം. ഇത് ഫെബ്രുവരി ആകുമ്പോഴേക്കും 105 ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധ സമിതി വിലയിരുത്തുന്നത്.
രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 61,871 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഒരുഘട്ടത്തില്‍ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. ഇതാണ് അറുപത്തി ഒന്നായിരത്തിലേക്ക് കുറഞ്ഞത്. ഒരു സമയത്ത് ബ്രസീലിനെയും അമേരിക്കയെയും പിന്തള്ളി രോഗികളുടെ എണ്ണം രാജ്യത്ത് ഉയര്‍ന്നത് വലിയ ആശങ്കയായിരുന്നു.
നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞു. 783311 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 88.03 ശതമാനത്തിലെത്തിയതും ആശ്വാസകരമാണ്. രാജ്യത്ത് മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ ആഗസ്റ്റോടെ മരണസംഖ്യ 25 ലക്ഷത്തിലെത്തുമായിരുന്നുവെന്നും സമിതി വിലയിരുത്തി. നിലവില്‍ 1.14ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post