ന്യൂഡൽഹി: ബാബ്‌റി കേസിൽ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് ആരോപിക്കപ്പെട്ട മുഴുവൻ പ്രതികളേയും വെറുതെവിട്ട സിബിഐ കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ ഒരുങ്ങി അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ്.
വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിബിഐ കോടതിയുടെ വിധിയിൽ ബോർഡ് നിരാശയും രേഖപ്പെടുത്തി. വിധിയിൽ തനിക്ക് സംതൃപ്തിയില്ലെന്നും ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ബാബ്‌റി മസ്ജിദ് ആക്ഷൻ കമ്മിറ്റി (ബിഎംഎസി) കൺവീനർ സഫര്യാബ് ജിലാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ബിജെപി-വിശ്വ ഹിന്ദു പരിഷത്ത് നേതാക്കൾക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചിട്ടും ശക്തമായ കേസ് എടുക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ, ബാബ്‌റി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളേയും ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വെറുതേവിട്ടിരുന്നു. കേസിലെ പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ആണ് കേസിൽ വിധി പറഞ്ഞത്.